Wednesday, September 3, 2014

ഈ പാവം മരത്തെ ഇനിയും ചങ്ങലക്കിടരുത്


രാജേഷ്‌ രാമചന്ദ്രൻ

സുധീരനെ കാലുവാരാൻ വേണ്ടി മാത്രം മെനഞ്ഞ ഈ സമ്പൂർണ മദ്യനിരോധന തന്ത്രം KPCC പ്രസിഡന്റ്‌ സധൈര്യം നേരിടണം എന്നാണ് ഒരു മദ്യസ്നേഹിയായ ഈയുള്ളവൻറെ വിനീതമായ അപേക്ഷ. ചാണ്ടി മുറുകുമ്പോൾ തൊമ്മൻ അയയണം എന്നാണല്ലോ നിയമം. തത്കാലം ആ നിയമം കോട്ടയം ജില്ലക്കാർ പാലിക്കട്ടെ. തീരദേശ കേരകർഷകരെങ്ങനെയാ റബ്ബർ പോലെ മുറുകുകയും അയയുകയും ചെയയുക?

ചാണ്ടി കേരളത്തിൽ ബാറുകൾ പൂട്ടട്ടെ, ചില്ലറ മദ്യവില്പനശാലകൾ ഒന്നടങ്കം അടച്ചുപൂട്ടട്ടെ. ഇത് കേരകർഷകരുടെ കാത്തിരുന്ന ധന്യനിമിഷം. വിസ്കി, ബ്രാണ്ടി, റം, വോഡ്ക എന്നിങ്ങനെ പലപേരുകളിൽ പലതരം കുപ്പികളിൽ പലനിറത്തിൽ കേരളത്തിൽ വിറ്റു കൊണ്ടിരിക്കുന്നത് വെറും സ്പിരിറ്റ്‌ ആണ്. വാറ്റി ഉണ്ടാക്കുന്ന മദ്യത്തിനു നിറമില്ല, അത് ധാന്യങ്ങളിൽ നിന്നായാലും ശരി മുന്തിരിങ്ങ തുടങ്ങിയ പഴവർഗങ്ങളിൽ നിന്നായാലും ശരി. വർഷങ്ങളോളം ഏറ്റവും മുന്തിയ മരം കൊണ്ടുണ്ടാക്കുന്ന വലിയ ഭരണികളിൽ സൂക്ഷിച്ചു വക്കുന്നതിലൂടെ ഈ മരഭരണിയുടെ നിറവും മണവുമാണ് മദ്യം സ്വായത്തമാക്കുന്നത്. അവയിലെ രാജാവാണ് ഫ്രാൻസിലെ കോണ്യാക് ജില്ലയിലെ പ്രസിദ്ധമായ ദ്രാവകം. ഇത് ഏതു ഇന്ത്യൻ ഡിസ്ടിലറി മുതലാളിയും കൊതിക്കുന്ന വസ്തുവായതിനു കാരണം കോണ്യാക് പ്രദേശവാസികൾ ഇതത്രക്കു ശ്രദ്ധയോടെ, അർപണബോധത്തോടെ, അഭിമാനത്തോടെ ഉണ്ടാക്കുന്നു എന്നുള്ളത് കൊണ്ടാണ്. അതുപോലെ പ്രസിദ്ധമായ സ്കോട്ട് ലൻഡിലെ സിംഗിൾ മാൾട്ട്. ഒരൊറ്റ വാറ്റുശാലയിലെ മുളപ്പിച്ച ധാന്യങ്ങൾ വാറ്റിയെടുത്തു ഒരേതരം ഭരണികളിൽ സൂക്ഷിച്ച്‌ മറ്റു വാറ്റുശാലകളിൽ നിന്നുള്ള ദ്രാവകങ്ങളുമായി കൂട്ടിച്ചേർക്കാതെ, ബ്ലെണ്ട് ചെയയാതെ സ്വന്തം മദ്യത്തിന്റെ സത്യസന്ധത കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണ് അവ സിംഗിൾ മാൾട്ട് ആകുന്നത്.

നമ്മുടെ വാറ്റുശാലാ മുതലാളിമാർ നമുക്കു തരുന്നത് എന്താണ്? വെറും നിറം ചേർത്ത സ്പിരിറ്റ്‌. യന്ത്രശാലകളിൽ ഉണ്ടാക്കിയ രാസവസ്തുവോ കരിമ്പിൻ നീരിൽ നിന്ന് വാറ്റിയ ചാരായമോ, രണ്ടായാലും ഇവ ബ്രാണ്ടിയും വിസ്കിയും അല്ലെന്നു ഉറപ്പ്. ഇത് ഇന്നേക്കും എന്നേക്കുമായി നിർത്തിയതിനു ചാണ്ടിച്ചനു സ്തോത്രം. ഇനി മുതൽ നമുക്ക് സ്പിരിറ്റ്‌ വേണ്ട. നമ്മുടെ നീണ്ടും, നിവർന്നും, വളഞ്ഞും, കുലച്ചും നിൽക്കുന്ന കല്പവൃക്ഷത്തിൽ ഊറിയ ശ്വേതസുന്ദരസുരാമൃതം മതി.

പക്ഷെ, അതിനുവേണ്ടി ചാണ്ടി സഹോദരൻ ഒരു ചരിത്രപരമായ നെറികേട് തിരുത്തി തരണം. തെങ്ങിനു പൂട്ടിയിരിക്കുന്ന സർക്കാർ ചങ്ങലകൾ അഴിച്ചുമാറ്റണം. ഒരു നിമിഷം ചാണ്ടിയും മാണിയും കണ്ണടച്ച്‌ ഈ നീണ്ടും നിവർന്നും വളഞ്ഞും നിൽക്കുന്നത് തെങ്ങല്ല അവരുടെ പ്രിയപ്പെട്ട റബ്ബർ മരമാണെന്നു കരുതണം. അവർ കണ്ണു തുറക്കാതെ തന്നെ ഞെട്ടും. റബ്ബർ കർഷകനായ ഉടമക്ക് മരം ചെത്താൻ പാടില്ലെന്നോ? ചെത്തിയ പാൽ വിൽക്കാൻ പാടില്ലെന്നോ? സ്വന്തം ആവശ്യത്തിനു ഉപയോഗിക്കാൻ പാടില്ലെന്നോ? ഇഷ്ടപ്പെട്ട ചെത്തുകാരനെ ഏർപ്പാടാക്കാൻ പാടില്ലെന്നോ? തോന്നിയ കടയിൽ വിൽക്കാൻ പാടില്ലെന്നോ? ഷീറ്റ് അടിക്കാൻ പാടില്ലെന്നോ? ഷീറ്റ് തട്ടിൻപുറത്തു സൂക്ഷിച്ചു വച്ച് കൂടിയ വിലക്കു വിൽക്കാൻ പാടില്ലെന്നോ? ചുരുക്കം പറഞ്ഞാൽ റബ്ബർ സമ്പത്തും അതിൽ നിന്നുണ്ടായ സാമൂഹികവും സാമുദായികവുമായ വളർച്ചയും നശിച്ചുപോകുമോയെന്ന് ഓർത്ത് ഭയന്ന് അവർ തീർച്ചയായും ഞെട്ടും. കാരണം അതാണ് കേരകർഷകനും കേരകർഷകസമുദായങ്ങൾക്കും സംഭവിച്ച ക്രൂരമായ വിധി. നട്ടവന് ചെത്താൻ പാടില്ല; ചെത്തിയവന് വിൽക്കാൻ പാടില്ല. ചെത്തുതൊഴിലാളി സംഘടനകളുടെ പേരിൽ ചെത്തുകാരന് സ്വന്തമായി കച്ചവടം നടത്തി ജീവിതമുന്നേറ്റം നടത്താനുള്ള അവസരങ്ങളും കൊട്ടിയടച്ചു. കേരളത്തിന്റെ പല ജില്ലകളിലും ചെത്തു തന്നെ ഇല്ലാതായികൊണ്ടിരിക്കുന്നു എന്ന് കേരവികസനബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ അവസരം കൂടി പാഴാക്കുകയാണെങ്കിൽ സുധീരന് കേരകർഷകർ മാപ്പു കൊടുക്കില്ല. ബ്രിട്ടീഷ്‌കാര് നട്ടിട്ടു പോയ മരത്തിനു നൽകിയിട്ടുള്ള എല്ലാ സ്വാതന്ത്ര്യവും സംരക്ഷണവും തെങ്ങിനും ലഭിക്കണം. ആർക്കും നടാം, ആർക്കും ചെത്താം, ആർക്കും എവിടെയും വിൽക്കാം എന്ന സ്വാതന്ത്ര്യം. എല്ലാ സ്വാതന്ത്ര്യങ്ങൾക്കും സീമകൾ ഉണ്ടല്ലോ. ഒരു ഭക്ഷണശാല തുടങ്ങാൻ ആവശ്യമായ നിയന്ത്രണങ്ങളും അനുമതികളും കേരസുരപാനത്തിനും ബാധകമായിരിക്കണം. അത്രമാത്രം. ഷവർമ കഴിച്ചു ശവമാകുന്ന മലയാളി ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ വൃത്തിയും വെടിപ്പുമായി, കള്ളും കൊഞ്ചും കരിമീനും, കൊട്ടും കുരവയുമായി, മലയാളി വിളംബട്ടെ, കഴിക്കട്ടെ.

ആർക്കും നടാം, ആർക്കും ചെത്താം, ആർക്കും വിൽക്കാം എന്നായാൽ സർക്കാർ നിയമാനുസ്രിതമായി, രാഷ്ട്രീയ ഒത്താശയോടെ, കൈക്കൂലി വാങ്ങി നടപ്പാക്കുന്ന ആനമയക്കി, ടയസിപാം തുടങ്ങിയവ കലക്കിയ കഞ്ഞിവീഴ്ത്‌ എന്ന എക്സ്സൈസ് വകുപ്പ് സ്ഥിരം നാടകവേദിയുടെ വിനോദപരിപാടികൾ അവസാനിച്ചു കിട്ടുമല്ലോ. IMFL ൻറെ കുഞ്ഞനിയൻ മാത്രമല്ലോ ആനമുദ്രയുള്ള ആനമയക്കി.

നമ്മളെക്കാൾ ചെറിയ രാജ്യമായ ശ്രീലങ്കയിൽ പോലും ഏറ്റവും നല്ല മദ്യം എന്നവർ ഊറ്റം കൊണ്ട് വിൽക്കാൻ വച്ചിരിക്കുന്നത് അവരുടെ സ്വന്തം റാക്ക് ആണ്. അതെ, തെങ്ങിൻ കള്ള് വാറ്റിയുണ്ടാക്കുന്ന ഒന്നാന്തരം റാക്ക്. പക്ഷെ, കള്ളവാറ്റുകാരന്റെ കൈയയിൽ നിന്ന് വാങ്ങിയ കാശു കൊണ്ട് മാധ്യമ വീരശ്രിന്ഖല പണിയുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ ആവശ്യം മണിച്ചന്മാർ മാത്രമാണ്. റെമി മാർട്ടിനും ഹെന്നസിയും ഖാവോ ഈലയും പോലുള്ള ചെറുതും വലുതുമായ ബ്രാൻഡുകൾ ഉയർന്നുവരുന്നത് ഇവർക്ക് സഹിക്കില്ലല്ലോ. മൈക്രോ ഡിസ്ടിലറി അല്ലങ്കിൽ കുഞ്ഞുകുഞ്ഞു വാറ്റുശാലകളിൽ നിന്ന് റാക്കും പുന്നെല്ലിൽ വെള്ളവും നെല്ലിക്കാവെള്ളവും കശുമാങ്ങ വെള്ളവും ഒക്കെ വാറ്റിയും കഴിച്ചും മലയാളി സമ്പന്നനായാൽ IMFL എന്ന പതിനയിരകണക്കിന് കോടികളുടെ തട്ടിപ്പു നടക്കില്ലെല്ലോ.

എല്ലാ മലയാളി കുടിയന്മാരുടേയും പണം മലയാളദേശത്തു തന്നെ, തനതു പഞ്ചായത്തുകളിലും മുനിസിപാലിററികളും തന്നെ ചേർന്നാൽ പിന്നെ ഡിസ്ടിലറി മുതലാളിമാർക്ക് എന്തു ലാഭം? ലാഭമില്ലെങ്കിൽ പിന്നെ അതെങ്ങനെ വീതിക്കും? വീതം വച്ചില്ലെങ്കിൽ പിന്നെ നമ്മുടെ വെള്ളച്ചട്ടകളുടെ കറുത്ത കീശകൾ എങ്ങനെ വീർക്കും?

സംപൂർണ്ണ മദ്യനിരോധനം ഒരു സംപൂർണ്ണ മദ്യദുരന്തം വരെ മാത്രമേ നിലനിൽക്കുകയുള്ളൂ എന്നാർക്കാണറിയാത്തത്. നമ്മുടെ നേതാക്കൾ ഒന്ന് ആഞ്ഞുപരിശ്രമിച്ചാൽ ഒരുഗ്രൻ ദുരന്തം എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാനും സാധിക്കും. അവർ തന്നെയല്ലേ നമ്മുടെ ഏറ്റവും വലിയ ദുരന്തം.

ഈ അവസരത്തിൽ ചാണ്ടി സുധീരനെ വെട്ടുന്നതും നോക്കിയിരുന്നാൽ നഷ്ടം മലയാളിക്കാണ്. ഒരു നൂറുകൊല്ലമായി സായിപ്പിന്റെ സാംസ്‌കാരിക ഉച്ഛിഷ്ടമായി കരുതി മോന്തിയിരുന്ന രാസവസ്തുക്കൾ ഉപേക്ഷിച്ചു നമുക്കു സ്വന്തം സ്വത്വം ദ്രാവകരൂപത്തിൽ വാറ്റിയെടുക്കാം. നെല്ലിക്ക തലയിലും ഉള്ളിലും ചെല്ലുന്നത് മലയാളിക്ക് അത്യാവശ്യമാണ്. ജോണി വാക്കർ എന്ന ഗോതമ്പിൻ വെള്ളം പോലെ എന്റെ സ്വന്തം നെല്ല്ലിക്കാവെള്ളത്തിന് രാജേഷ്‌ രാമചന്ദ്രൻ എന്ന പേരുമായി ഞാൻ കാത്തിരിക്കുന്നു.

No comments: